‘അച്ഛനും അമ്മയ്ക്കുമൊപ്പം കാണാൻ പറ്റാത്ത ഒരു സീനിലും ഞാൻ അഭിനയിക്കില്ല’; ‘ടോക്സിക്ക്’ വിവാദങ്ങൾക്ക് പിന്നാലെ യഷിന്റെ പഴയ അഭിമുഖം വൈറൽ
റിപ്പോർട്ട് :സജീവ് ഗോപാലൻ
‘അച്ഛനും അമ്മയ്ക്കുമൊപ്പം കാണാൻ പറ്റാത്ത ഒരു സീനിലും ഞാൻ അഭിനയിക്കില്ല’; ‘ടോക്സിക്ക്’ വിവാദങ്ങൾക്ക് പിന്നാലെ യഷിന്റെ പഴയ അഭിമുഖം വൈറൽ
യഷ് നായകനായെത്തുന്ന ടോക്സിക്കിന്റെ ടീസർ പുറത്തിറങ്ങിയതോടെ വലിയ വിവാദങ്ങൾക്കാണ് തിരിതെളിഞ്ഞത്. ടീസറിൽ യഷിന്രെ എൻട്രി സീനിൽ ശ്മശാനത്തിൽ ഒരു കാറിനുള്ളിൽ വെച്ചുള്ള ഇന്റിമേറ്റ് രംഗങ്ങൾ വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെയിലാണ് താരത്തിന്റെ ഒരു പഴയ വീഡിയോ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്.
കന്നഡ നടൻ രമേഷ് അരവിന്ദ് അവതാരകനായ ‘വീക്കെൻഡ് വിത്ത് രമേഷ്’ എന്ന ടോക്ക് ഷോയിൽ യഷ് മുൻപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘ എൻറെ മാതാപിതാക്കൾക്കൊപ്പം ഇരുന്ന് കാണാൻ പറ്റാത്ത ഒരു സീനിലും ഞാൻ അഭിനയിക്കില്ലെന്നും അത്തരം ചിത്രങ്ങൾ ഒഴിവാക്കുമെന്നും’ യഷ് പറഞ്ഞിരുന്നു. അന്ന് പറഞ്ഞ ആ നിലപാടിൽ ഉണ്ടായ മാറ്റത്തെയാണ് സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നത്. എന്നാൽ യഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത് കാലത്തിനനുസരിച്ച് മനുഷ്യരുടെ കാഴ്ചപ്പാടുകൾ മാറുമെന്നും, 15 വർഷം മുൻപുള്ള അഭിപ്രായമല്ല ഇപ്പോൾ വേണ്ടതെന്നും അവർ വാദിക്കുന്നു. വെറും അഭിനയത്തിന്റെ പേരിൽ ഒരാളെ മാറ്റി നിർത്തുന്നത് ശരിയല്ലെന്നും ഇത് നിയമവിരുദ്ധമോ പാപമോ അല്ലെന്നും ചിലർ പറയുന്നു. ഇഷ്ടമില്ലാത്തവർ യഷിൻറെ സിനിമ കാണേണ്ടെന്ന് തീരുമാനിച്ചാൽ പോരെ എന്തിനാണ് സൈബർ ആക്രമണമെന്നായിരുന്നു ഒരാൾ കുറിച്ചത്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. ടീസർ പുറത്തുവന്നതിന് പിന്നാലെ ഗീതു മോഹൻദാസിനെതിരെയും വിമർശനമുയർന്നിരുന്നു. ഗീതുവും യഷും ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. ‘ടോക്സിക്’ മാർച്ച് 19-ന് തിയറ്ററുകളിൽ എത്തും.













