കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ പ്രതിഫലം 10 ലക്ഷം; ‘ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ്’ സംഘത്തെ പിടികൂടി

റിപ്പോർട്ട്‌ :സജി ജോർജ് വട്ടപ്പാറ

കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ പ്രതിഫലം 10 ലക്ഷം; ‘ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ്’ സംഘത്തെ പിടികൂടി

കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ പ്രതിഫലമായി ലക്ഷങ്ങൾ നൽകുമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ സൈബർ സംഘത്തെ പിടികൂടി. ‘ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ്’ എന്ന പേരിൽ ആയിരുന്നു സംഘം സോഷ്യൽ മീഡിയ വഴി യുവാക്കളെ ആകർഷിച്ചത്. ബിഹാറിലെ നവാഡയിലാണ് സംഭവം. സംഭവത്തിൽ രഞ്ജൻ കുമാർ എന്നയാളെ നവാദ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം പ്രായപൂർത്തിയാകാത്ത ഒരാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ലക്ഷങ്ങളാണ് സംഘം യുവാക്കളിൽ നിന്നും തട്ടിയെടുത്തത്.

സോഷ്യൽ മീഡിയയിൽ നൽകുന്ന പരസ്യം വഴിയാണ് എല്ലാ തട്ടിപ്പിന്റെയും തുടക്കം. കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ 10 ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കുമെന്നും, ഇനി ഗർഭധാരണം നടന്നില്ലെങ്കിൽ 5 ലക്ഷം രൂപ പ്രതിഫലം ഉറപ്പാണെന്നുമായിരുന്നു സംഘത്തിന്റെ വാഗ്ദാനം. താത്പര്യം പ്രകടിപ്പിക്കുന്നവർക്ക് സംഘം അയച്ചുനൽകുന്നത് മോഡലുകളുടെ ചിത്രങ്ങൾ ആയിരുന്നു. കൂടാതെ ‘പ്ലേ ബോയ് സർവീസ്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

വലയിൽ വീണ് എത്തുന്ന ആളുകളിൽ നിന്നും രജിസ്ട്രേഷൻ ഫീസ്, ഹോട്ടൽ ചാർജ് തുടങ്ങിയവയുടെ പേരിൽ തുടർച്ചയായി പണം വാങ്ങുന്നതാണ് സംഘത്തിന്റെ രീതി. പണം നഷ്ടപെട്ട പലരും നാണക്കേസ് കൊണ്ട് പോലീസിൽ പരാതി നൽകാതെയിരിക്കുന്നതാണ് സംഘത്തിന്റെ ബലം. നവാദ എസ്.പി അഭിനവ് ധിമാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തട്ടിപ്പുകാരെ പിടികൂടിയത്. ഇത്തരം വ്യാജ പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും വീഴരുതെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻപും ഇത്തരത്തിലുള്ള സംഘത്തിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.