ആകാശത്ത് നിന്നും കടലിൽ നിന്നും ആക്രമണം; പകൽ വെളിച്ചത്തിൽ ഇറാനെ ആക്രമിച്ചത് എന്തിന്
കേരള ന്യൂസ് മീഡിയ
ആകാശത്ത് നിന്നും കടലിൽ നിന്നും ആക്രമണം; പകൽ വെളിച്ചത്തിൽ ഇറാനെ ആക്രമിച്ചത് എന്തിന്
ഇറാനെതിരെ യു.എസ് ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിക്ക് പിന്നാലെ പശ്ചിമേഷ്യ സംഘർഷ കലുഷിതമാണ്. യു.എസ് സൈനിക കേന്ദ്രങ്ങളുള്ള ഗൾഫ് രാജ്യങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെയാണ് ആക്രമണം കടുത്തത്. ഇറാനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിൽ ഇസ്രായേൽ ആക്രമണം നടത്തി. മരണം 40 കടന്നു.ആക്രമണം തുടങ്ങിയ ഇസ്രയേൽ-യു.എസ് സേനകൾ വ്യോമാക്രമണത്തിനൊപ്പം കടലിൽ നിന്നും ആക്രമണം നടത്തിയെന്നാണ് വിവരം. യു.എസുമായി മാസങ്ങൾ നീണ്ട മുന്നൊരുക്കങ്ങളാണ് ഇസ്രയേൽ നടത്തിയത്. ആക്രമണ തീയതി ആഴ്ചകൾക്ക് മുൻപ് തീരുമാനിച്ചിരുന്നു . എന്നാൽ ആക്രമണത്തിൻ്റെ തുടക്കം എങ്ങനെയായിരിക്കണമെന്ന് അന്തിമ തീരുമാനമെടുത്തതാകട്ടെ നാലു ദിവസം മുൻപും. പകൽ വെളിച്ചത്തിൽ ആക്രമണം തുടങ്ങില്ലെന്ന ഇറാന്റെ പ്രതീക്ഷകളെ ഇല്ലാതാക്കുകയായിരുന്നു രാവിലത്തെ ആക്രമണത്തിലൂടെയുള്ള ലക്ഷ്യമിട്ടത്. മൂന്നോ നാലോ ആക്രമണങ്ങളാണ് ടെഹ്റാനിൽ തുടക്കത്തിൽ ഉണ്ടായത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊട്ടാരം അടക്കമുള്ള കേന്ദ്രങ്ങളാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. എന്നാൽ ഖമനയിയെ നേരത്തെ തന്നെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, സുരക്ഷാ മേധാവി അലി ലാരിജാനി എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് ഇറാൻ വാർത്ത ഏജൻസിയായ ഫാർസ് പറയുന്നു.













