ശബരി പദ്ധതി - പകുതി തുക സംസ്ഥാന സർക്കാർ  തന്നെ വഹിക്കും* 

Keralanewsmedia

ശബരി പദ്ധതി - പകുതി തുക സംസ്ഥാന സർക്കാർ  തന്നെ വഹിക്കും* 

*ശബരി പദ്ധതി - പകുതി തുക സംസ്ഥാന സർക്കാർ  തന്നെ വഹിക്കും* 

 

ശബരി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ചിലവിന്റെ പകുതി കേന്ദ്രം വഹിക്കണം എന്ന പുതിയ നിർദേശം വയ്ക്കാന്‍ കേരളം തയ്യാറെടുക്കുന്നു എന്ന വാർത്ത തെറ്റിദ്ധാരണജനകമാണ്. 

വാർത്തയിൽ പറയുന്നത് പോലെ സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ യാതൊരു മലക്കം മറിച്ചിലുകളും ഉണ്ടായിട്ടില്ല.മുൻപ് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത് ഈ പദ്ധതിക്ക് വേണ്ടി മുടക്കുന്ന 50% സംസ്ഥാന വിഹിതം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നും ഒഴിവാക്കണമെന്നുള്ള ഒരേ ഒരു നിർദ്ദേശം മാത്രമേ മുന്നോട്ട് വെച്ചിട്ടുള്ളൂ. അക്കാര്യം അനുഭാവപൂർവം കേന്ദ്ര സർക്കാർ പരിഗണിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

 

25 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ഈ പദ്ധതി പുനരാരംഭിക്കുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി 03.06.2025 കേരള മുഖ്യമന്ത്രി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയുടെ അടിസ്ഥാനത്തിൽ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കലും മറ്റും ചർച്ച ചെയ്യുവാനായി റെയിൽവേ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹ്മാൻ 11.07.2025-ന് യോഗം വിളിച്ച് ചേർത്തിരുന്നു. ഭൂമി ഏറ്റെടുക്കൽ യൂണിറ്റുകൾ പുനഃസ്ഥാപിക്കുവാനും പുതുക്കിയ അലൈൻമെന്റ് അന്തിമമാക്കാനും എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കളക്ടർമാരോട് 21.08.2025 ൽ രേഖാമൂലം നിർദ്ദേശിക്കുകയുണ്ടായി

സംസ്ഥാന സർക്കാർ പങ്കിടാമെന്ന് ഏറ്റിട്ടുള്ള പദ്ധതി അടങ്കലിന്റെ 50% തുകയിൽ നിന്നും പണം കണ്ടെത്തി കൊണ്ട് ഭൂമി ഏറ്റെടുക്കൽ ആരംഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാം എന്നാണ് ബഹു. കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പ് തന്നിട്ടുള്ളത്. റെയിൽവേ ബോർഡ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലും ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിൻ്റെ കൂടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കുവാനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുള്ളത്. 

പുതുക്കിയ എസ്റ്റിമേറ്റ് തുക അനുസരിച്ച് 3,810 കോടി രൂപയുടെ 50% ആയ 1,905 കോടി രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. ഇതിൽ നിന്നും തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിനു നിലവിൽ തടസ്സങ്ങൾ ഒന്നും തന്നെയില്ല. ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്ന മുറക്ക് അക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനെ അറിയിച്ചുകൊണ്ട് പദ്ധതി പുനരുജ്ജീവിപ്പിക്കുവാനും സമയബന്ധിതമായി പൂർത്തിയാക്കുവാനും കഴിയുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് ചിലവാകുന്ന തുകയുടെ പകുതി കേരളം വഹിക്കുമെന്ന മുൻനിലപാടിൽ യാതൊരു മാറ്റവും വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. വാർത്ത നൽകും മുൻപ് സർക്കാരിൻ്റെ വിശദീകരണം കേൾക്കാതെ പദ്ധതിയിൽ നിന്ന് കേരളം പിൻവാങ്ങുന്നു എന്ന മനോരമ വാർത്ത അവാസ്തവും തെറ്റിധാരണജനകവുമാണ്.