*തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥക്രമീകരണം പൂര്‍ത്തിയായി: ജില്ലാ കലക്ടര്‍*

Keralanewsmedia

*തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥക്രമീകരണം പൂര്‍ത്തിയായി: ജില്ലാ കലക്ടര്‍*

PRESS RELEASE KOLLAM 03/12/2025

*തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥക്രമീകരണം പൂര്‍ത്തിയായി: ജില്ലാ കലക്ടര്‍*

തദ്ദേശതിരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥവിന്യാസം പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. സിവില്‍സ്റ്റേഷനിലെ ഐ.ടി ഹാളില്‍ അന്തിമ ഉദ്യോഗസ്ഥവിന്യാസക്രമീകരണംനടത്തി അതത് ഇടങ്ങളിലേക്കുള്ളവരെ നിയോഗിച്ചു. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ടിരുന്ന വിവിധകാരണങ്ങളാല്‍ ഒഴിവാക്കുന്നതിന് അപേക്ഷിച്ചവരിലെ അര്‍ഹരായവരെ മാറ്റിനിര്‍ത്തിയാണ് അന്തിമപട്ടിക. ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13056 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

3264 വീതം പ്രിസൈഡിങ് ഓഫീസര്‍മാരും 3264 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 6528 പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. 4016 പുരുഷന്മാരും 9040 സ്ത്രീകളുമുണ്ട്. ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട് പോളിങ് ഓഫീസര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക. ഡിസംബര്‍ നാല് മുതല്‍ ഉദ്യോഗസ്ഥര്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും ഇ-ഡ്രോപ്പ് വെബ്‌സൈറ്റിലൂടെ https://www.edrop.sec.kerala.gov.in വിവരങ്ങള്‍ ലഭ്യമാകും. ഓരോരുത്തര്‍ക്കും അനുവദിച്ച ബൂത്ത്, വിതരണ-സ്വീകരണകേന്ദ്രങ്ങളുടെ വിവരങ്ങള്‍, ഉദ്യോഗസ്ഥര്‍ എത്തിച്ചേരേണ്ടസമയം തുടങ്ങി വിശദവിവരങ്ങളുണ്ടാകും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള റിസര്‍വ് വിഭാഗത്തില്‍ 2176 ഉദ്യോഗസ്ഥരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 16 വിതരണ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. തിരഞ്ഞെടുപ്പ് ക്ലാസുകളിലെ നിര്‍ദേശങ്ങളെല്ലാം പാലിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സൂപ്രണ്ടുമാരായ രമേഷ് മാധവന്‍, കെ. സുരേഷ്, എന്‍ ഐ സി ഓഫീസര്‍ പി.എസ് സുമല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3432/2025)

*തൊഴില്‍വേഷത്തില്‍ പ്രചാരണം പാടില്ല - ജില്ലാ കലക്ടര്‍*

തൊഴില്‍വേഷത്തില്‍ തിരഞ്ഞെടുപ്പ്പ്രചാരണം നടത്താന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന പെരുമാറ്റചട്ടനിരീക്ഷണസമിതിയോഗത്തില്‍ അധ്യക്ഷതവഹിക്കവെ ഹരിതകര്‍മ സേനാംഗങ്ങള്‍ യൂണിഫോമില്‍ പ്രചാരണത്തിനിറങ്ങുന്നുവെന്ന് ലഭിച്ച പരാതിയുടെപശ്ചാത്തലത്തിലാണ് നിര്‍ദേശം. പരാതി പരിശോധിക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

തിരഞ്ഞെടുപ്പ് ചിലവ് അധികരിക്കുന്നതായിഉയര്‍ന്ന പരാതികള്‍ ചിലവ്‌നിരീക്ഷകരുടെ പരിഗണനയ്ക്ക് വിടും. ഉച്ചഭാഷിണിയുടെ ഉപയോഗം സംബന്ധിച്ച ആക്ഷേപം പരിശോധിക്കാനായി മലിനീകരണം നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി. മുന്‍കൂട്ടിനിശ്ചയിച്ച വിവാഹചടങ്ങിന് ബുക്ക് ചെയ്ത ഓഡിറ്റോറിയം തൊട്ടടുത്തദിവസം തിരഞ്ഞെടുപ്പിന് തടസമാകാത്തവിധത്തിലാകണം ഉപയോഗിക്കേണ്ടത്. ഇതുറപ്പാക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ് ഉത്തരവാദിത്തമെന്നും കമ്മിറ്റി തീരുമാനിച്ചു.

സമിതി അംഗങ്ങളായ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാര്‍, റൂറല്‍ ഡി.വൈ.എസ്.പി രവിസന്തോഷ്, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 3433/2025)

*ഇ.വി.എം കമ്മീഷനിംഗിനു തുടക്കമായി - ജില്ലാ കലക്ടര്‍*

തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍) കമ്മീഷനിംഗ് തുടങ്ങിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഉള്‍പ്പെടുന്ന ബാലറ്റ് പേപ്പറുകള്‍ ക്രമീകരിച്ച് മെഷീനുകളെ വോട്ടെടുപ്പിനായി സജ്ജമാക്കുന്നതാണ് കമ്മീഷനിംഗ് പ്രക്രിയ. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ അതത് മണ്ഡലങ്ങളിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍ വരണാധികാരികളുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് നടപടികള്‍ പുരോഗമിക്കുന്നത്.

 കൊല്ലം കോര്‍പ്പറേഷന്‍, മുഖത്തല, അഞ്ചല്‍, ശാസ്താംകോട്ട ബ്ലോക്കുകളില്‍ പ്രവര്‍ത്തനം തുടരുകയാണ്. ഓച്ചിറ, കൊട്ടാരക്കര, വെട്ടിക്കവല, ചിറ്റുമല, പത്തനാപുരം, ചവറ, ചടയമംഗലം ബ്ലോക്കുകളില്‍ ഡിസംബര്‍ നാലിനും ഇത്തിക്കര ബ്ലോക്കില്‍ ഡിസംബര്‍ അഞ്ചിനും ഇ.വി.എം കമ്മീഷനിംഗ് നടക്കുമെന്നും അറിയിച്ചു.

(പി.ആര്‍.കെ നമ്പര്‍ 3434/2025)

*സ്ഥാനാര്‍ഥികള്‍ ആനുകൂല്യങ്ങള്‍ വിതരണംചെയ്യരുത്*

തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായവര്‍ ജോലിയുടെ ഭാഗമായോ അല്ലാതെയോ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ക്ഷേമപെന്‍ഷനുകള്‍ വിതരണംചെയ്യുന്നത് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒഴിവാക്കണം. സ്ഥാനാര്‍ഥികളായ ആശാവര്‍ക്കര്‍മാര്‍ സര്‍ക്കാര്‍നല്‍കുന്ന മരുന്നുകള്‍ മത്സരിക്കുന്ന മണ്ഡലത്തിലെ/വാര്‍ഡിലെ വോട്ടര്‍മാര്‍ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ട്‌വിതരണം ചെയ്യുന്നതില്‍ നിന്നും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാറിനില്‍ക്കണം. മരുന്നും സാധനങ്ങളും ആനുകൂല്യവിതരണവും മുടങ്ങാതിരിക്കുന്നതിന് പകരംസംവിധാനം അതത് അധികാരികള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ജില്ലാതല പെരുമാറ്റചട്ട നിരീക്ഷണസമിതി ഇക്കാര്യം കര്‍ശനമായി നിരീക്ഷിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.

(പി.ആര്‍.കെ നമ്പര്‍ 3435/2025)

*അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു*

അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ആല്‍ത്തറമൂട് ക്യു. എസ്. എസ്. എസ്. ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. ഭാരതീയ ഭിന്നശേഷി ഐക്യ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ശൂരനാട് എസ്. രവി അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.ഹരികുമാരന്‍ നായര്‍, ഡി.എ.ഡബ്ല്യൂ.എഫ് ഏരിയ പ്രസിഡന്റ് ശ്രീലാല്‍, ബധിര മൂക അസോസിയേഷന്‍ ചെയര്‍മാന്‍ ബേബി മാത്യു, ഏലിയാസ് തോമസ്, ഡോ. ദേവിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

  (പി.ആര്‍.കെ നമ്പര്‍ 3436/2025)

*പരീക്ഷാകേന്ദ്രത്തില്‍ മാറ്റം*

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ വുമണ്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നം.215/2025) തസ്തികയിലേക്ക് ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.20 വരെ നടത്താനിരുന്ന ഒ.എം.ആര്‍. പരീക്ഷയ്ക്ക് തേവള്ളി സര്‍ക്കാര്‍ മോഡല്‍ വി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് (എച്ച്.എസ്. വിഭാഗം) കേന്ദ്രത്തില്‍ ഉള്‍പ്പെട്ട 1040949 മുതല്‍ 1041148 വരെ രജിസ്റ്റര്‍ നമ്പരുള്ള 200 ഉദ്യോഗാര്‍ഥികളുടെ പരീക്ഷാകേന്ദ്രം പട്ടത്താനം വിമലഹൃദയ എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സില്‍ (സെന്റര്‍ രണ്ട്) പുനഃക്രമീകരിച്ചു. പ്രൊഫൈല്‍ മെസേജ്/എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതുക്കിയ പ്രവേശന ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷക്ക് ഹാജരാകണം; മുന്‍ പ്രവേശനടിക്കറ്റും ഉപയോഗിക്കാം.  

  (പി.ആര്‍.കെ നമ്പര്‍ 3437/2025)

*അദാലത്ത് ജനുവരി ആറിന്*

  സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ ജില്ലയില്‍ ജനുവരി ആറിന് രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് വരെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരാതിപരിഹാര അദാലത്ത് നടത്തും. ചെയര്‍പേഴ്സണ്‍ ശേഖരന്‍ മിനിയോടന്‍, അംഗങ്ങളായ ടി.കെ.വാസു, അഡ്വ.സേതു നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിവിധ വിഷയങ്ങളില്‍ സമര്‍പ്പിച്ചതും വിചാരണയില്‍ ഉള്ളതുമായ കേസുകളില്‍ പരാതിക്കാരെയും ഉദ്യോഗസ്ഥരെയും നേരില്‍കേട്ട് തീര്‍പ്പാക്കും. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

  (പി.ആര്‍.കെ നമ്പര്‍ 3438/2025)