ശബരിമല സ്വർണ്ണക്കൊള്ള: ഇ ഡിയുടെ മിന്നൽ റെയ്ഡ്; പ്രതികളുടെ വീടുകൾ ഉൾപ്പെടെ 21 ഇടങ്ങളിൽ ഒരേസമയം പരിശോധന*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*ശബരിമല സ്വർണ്ണക്കൊള്ള: ഇ ഡിയുടെ മിന്നൽ റെയ്ഡ്; പ്രതികളുടെ വീടുകൾ ഉൾപ്പെടെ 21 ഇടങ്ങളിൽ ഒരേസമയം പരിശോധന*
*കൊച്ചി:* ശബരിമല സ്വർണക്കൊള്ളയിൽ വ്യാപക റെയ്ഡുമായി ഇ ഡി. പ്രതികളുടെ വീടുകളിൽ ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാർ, എൻ വാസു, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ വീടുകളിൽ പരിശോധന തുടരുകയാണ്.
കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകിട്ടാന്‍ ഇഡി നീക്കം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കാരേറ്റിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്‍റുമായ എൻ വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും സ്വർണവ്യാപാരി ഗോവർദ്ധന്റെ ബെല്ലാരിയിലെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫീസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന നടക്കുന്നുണ്ട്.
പ്രതികളുടെ ആസ്തികൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇ ഡിയുടെ കൊച്ചി, കോഴിക്കോട്, ബെംഗളൂരു യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് മാത്രം മൂന്ന് ഇടങ്ങളിലാണ് പരിശോധന. സന്നിധാനത്ത് എസ്ഐടി പരിശോധന നടത്താനിരിക്കെയാണ് പ്രതികളുടെ വീടുകളിലടക്കം ഇഡി പരിശോധന നടത്തുന്നത്.













