ശബരിമല സ്വര്‍ണമോഷണം: കെ പി ശങ്കരദാസ് അറസ്റ്റില്‍
റിപ്പോർട്ട് :ദൗലത് ഷാ എം
ശബരിമല സ്വര്‍ണമോഷണക്കേസില്‍ കെ പി ശങ്കരദാസ് അറസ്റ്റില്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എ.പത്മകുമാര്‍ പ്രസിഡന്‍റായിരുന്ന ഭരണസമിതിയിലെ ബോർഡ് അംഗമായിരുന്നു. അറസ്റ്റ് വിവരം കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ശബരിമല സ്വർണ്ണ മോഷണക്കേസിൽ കൊടിമരം മാറ്റി സ്ഥാപിച്ചത് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. 2017ൽ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറ് ആയിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം എസ് ഐ ടി യും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു. ശബരിമല സ്വർണ്ണ മോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവരുമായി ബന്ധപ്പെട്ട് പലരിൽ നിന്നായി പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഈ ഘട്ടത്തിലാണ് കൊടിമരം മാറ്റി സ്ഥാപിച്ചത് സംബന്ധിച്ചുള്ള വിവരങ്ങൾ എസ് ഐ ടിക്ക് ലഭിച്ചത്
തുടർന്നാണ് കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. കോൺഗ്രസ് നേതാവായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന സമയത്താണ് കൊടിമരം മാറ്റി സ്ഥാപിച്ചത്. കൊടിമരത്തിൽ ഉണ്ടായിരുന്ന വാജി വാഹനത്തിനും അഷ്ടദിക്ക് പാലകന്മാർക്കും വർഷങ്ങളുടെ പഴക്കമാണ് ഉണ്ടായിരുന്നത്. കൊടിമരം മാറ്റി സ്ഥാപിക്കുമ്പോൾ ഈ വാജി വാഹനം തന്ത്രി കണ്ഠരര് രാജീവരെ ഏൽപ്പിക്കുകയായിരുന്നു. ഇതേ വാജി വാഹനമാണ് പ്രത്യേക അന്വേഷണസംഘം തന്ത്രിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തതും കോടതിയിൽ ഹാജരാക്കിയതും.
ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൊടിമരം മാറ്റി സ്ഥാപിച്ചതിൽ പ്രത്യേക അന്വേഷണ സംഘവും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു. കൊടിമരം മാറ്റി സ്ഥാപിച്ചതിലെ അന്വേഷണം കൂടുതൽ കോൺഗ്രസ് നേതാക്കളിലേക്ക് എത്തുമോ എന്ന ആശങ്കയും കോൺഗ്രസിനുള്ളിൽ ഉയരുന്നുണ്ട്.













